ഹാപ്പി
ഈ അടുത്ത കാലത്തു ജെ ഡി സാലിംഗറുടെ നൈന് സ്റ്റോറീസ് (എന്ന ചെറുകഥ സമാഹാരം) വായിക്കാനിടയായി. അതിലെ ഒരു ചെറുകഥ ആണ് ദ ലാഫിംഗ് മാൻ. ആ പേര് കണ്ടപ്പോൾ ഓര്മ വന്നത് ഹാപ്പി മാന് എന്ന് നാട്ടുകാർ വിളിക്കാറുള്ള ഒരു വ്യക്തിയെ ആണ്. കുട്ടിക്കാലത്തു അമ്മയുടെ നാട്ടിലേക്കുള്ള യാത്രകളിൽ സ്ഥിരമായി കാണാറുള്ള ഒരു മുഖം ആയിരുന്നു ഹാപ്പിയുടേത് . ഹാപ്പിയുടെ മുഖത്ത് എപ്പോഴും നിഷ്കളങ്കമായ ഒരു ചിരി ഉണ്ടാവും. അത് കൊണ്ട് നാട്ടുകാർ കൊടുത്ത പേരാണ് ഹാപ്പി. അങ്ങനെ ഒരു പേര് തനിക്കുണ്ടെന്ന് ഹാപ്പിയ്ക്കു അറിയാമോ ആവോ?നീണ്ടു മെലിഞ്ഞ ശരീരത്തിൽ നേർത്ത വെളുവെളുപ്പൻ ഷർട്ട്, കാൽ മടമ്പു വരെ എത്താത്ത വെളുത്ത ഒരു മുണ്ടു ഇതാണ് ഹാപ്പിയുടെ വേഷം. അവിടത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ, ഹാപ്പിയ്ക്കു ചെറിയ ഒരു നൊസ്സ് ഉണ്ട്. രാവിലെ തൊട്ടു അന്തി വരെ നിർത്താതെ നടത്തം ആണ് ഹാപ്പിയുടെ പരിപാടി. വാഹനങ്ങൾ കടന്നു പോകുമ്പോൾ നടത്തം നിർത്തി തിളങ്ങുന്ന കണ്ണുകളോടെ നിറഞ്ഞ ഒരു ചിരി ഹാപ്പി പാസ്സാക്കും. കൈകൾ പുറകിൽ കോർത്ത് വച്ച് നീണ്ട കാൽവെപ്പുകളോടെ ഹാപ്പി നടന്നകലുന്നത് കുട്ടിക്കാലത്തെ രസകരമായ ഓര്മ ആണ്. ക...