ഹാപ്പി

ഈ അടുത്ത കാലത്തു ജെ ഡി സാലിംഗറുടെ നൈന് സ്റ്റോറീസ് (എന്ന ചെറുകഥ സമാഹാരം) വായിക്കാനിടയായി. അതിലെ ഒരു ചെറുകഥ ആണ് ദ ലാഫിംഗ് മാൻ. ആ പേര് കണ്ടപ്പോൾ ഓര്മ വന്നത് ഹാപ്പി മാന് എന്ന് നാട്ടുകാർ വിളിക്കാറുള്ള ഒരു വ്യക്തിയെ ആണ്.   കുട്ടിക്കാലത്തു അമ്മയുടെ നാട്ടിലേക്കുള്ള യാത്രകളിൽ സ്ഥിരമായി കാണാറുള്ള ഒരു മുഖം ആയിരുന്നു ഹാപ്പിയുടേത് . 

ഹാപ്പിയുടെ മുഖത്ത് എപ്പോഴും നിഷ്കളങ്കമായ ഒരു ചിരി ഉണ്ടാവും. അത് കൊണ്ട് നാട്ടുകാർ കൊടുത്ത പേരാണ് ഹാപ്പി.  അങ്ങനെ ഒരു പേര്  തനിക്കുണ്ടെന്ന്  ഹാപ്പിയ്ക്കു അറിയാമോ ആവോ?നീണ്ടു മെലിഞ്ഞ ശരീരത്തിൽ നേർത്ത വെളുവെളുപ്പൻ ഷർട്ട്, കാൽ മടമ്പു വരെ എത്താത്ത വെളുത്ത ഒരു മുണ്ടു ഇതാണ് ഹാപ്പിയുടെ വേഷം. അവിടത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ, ഹാപ്പിയ്ക്കു ചെറിയ ഒരു നൊസ്സ് ഉണ്ട്. രാവിലെ തൊട്ടു അന്തി വരെ നിർത്താതെ നടത്തം ആണ് ഹാപ്പിയുടെ പരിപാടി. വാഹനങ്ങൾ കടന്നു പോകുമ്പോൾ നടത്തം നിർത്തി തിളങ്ങുന്ന കണ്ണുകളോടെ  നിറഞ്ഞ ഒരു ചിരി ഹാപ്പി പാസ്സാക്കും. കൈകൾ പുറകിൽ കോർത്ത് വച്ച്  നീണ്ട കാൽവെപ്പുകളോടെ ഹാപ്പി നടന്നകലുന്നത്  കുട്ടിക്കാലത്തെ രസകരമായ ഓര്മ ആണ്. 


കോട്ടയത്ത് അങ്ങാടിയിലെ ഒരു തറവാട്ടിൽ ആണ് ഹാപ്പിയുടെ ജനനം. ഒരു പ്രായം ആയാൽ അവിടത്തെ ആൺ കുട്ടികൾക്കെല്ലാം മാനസികമായി പ്രശ്നങ്ങൾ ഉണ്ടാവാറുണ്ടെന്നു അമ്മുമ്മ പറഞ്ഞ ഓര്മ ഉണ്ട്. തനിയാവർത്തനം പോലെ. ചിരിക്കാൻ മറന്നു കൊണ്ടിരിക്കുന്ന ലോകത്തു ചിരിക്കാൻ മാത്രമറിയാവുന്ന ഹാപ്പി എന്ന്  ഇടയ്ക്കു തോന്നാറുണ്ട്.  ഹാപ്പിമാനെ കുറിച്ച് ഓർക്കുമ്പോൾ ഒരിക്കലും മറക്കാനാവാത്ത ഒരാൾ ഉണ്ട് . തന്റെ ചുറ്റിലുമുള്ള എല്ലാവര്ക്കും സന്തോഷം പകർന്നു നൽകുമ്പോഴും അത് കണ്ടു തെല്ലും ആനന്ദിക്കാൻ ആവാതെ ആധിയോടെ മകന്റെ കൊച്ചു യാത്രകളിൽ ഒരു വിളിപ്പാടകലം സൂക്ഷിച്ചു അനുഗമിക്കുന്ന ഒരു അമ്മയുടെ മുഖം.


അമ്മയുടെ നാട്ടിലേക്കുള്ള യാത്രകൾ കുറഞ്ഞത് കാരണം ഹാപ്പിയെ ഞാൻ കുറെ കാലമായി കണ്ടിട്ടില്ല. ഈയിടെ വീണ്ടും കണ്ടു. ആ കഥ വായിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഹാപ്പിയെ തിരിച്ചറിയാൻ ബുദ്ധിമുട്ടിയേനെ എന്ന് തോന്നുന്നു. അത്രയേറെ ഹാപ്പി മാറിപ്പോയിരിക്കുന്നു. ആ ട്രേഡ്മാർക്ക് ചിരി ആ മുഖത്ത് ഉണ്ടായിരുന്നില്ല. പഴയ കാലത്തേ ഓർമയ്ക്കു എന്ന പോലെ കവിളുകളിൽ കുറേ ചുളിവുകൾ മാത്രം അവശേഷിച്ചിരിക്കുന്നു. ചിരിക്കാൻ മറന്നു കൊണ്ടിരിക്കുന്ന ലോകത്തേക്ക് ഹാപ്പിയേയും നമ്മൾ തള്ളി വിട്ടു.



Comments

Popular posts from this blog

Ten kms ten kilos and ten K

Tour Diary

Graphics