നിശബ്ദത

                        മുത്തശ്ശൻ ക്ലോക്കിൽ മണി പന്ത്രണ്ട് അടിച്ചു. മഴ പെയ്തു ഒഴിഞ്ഞിട്ടുണ്ട്. ഇറ്റു വീഴുന്ന വെള്ളതുള്ളികളും ഇടയ്ക്കുള്ള ചീവീടിന്റെ ശബ്ദവും ഒഴിച്ചാൽ ചുറ്റിലും എങ്ങും നിശബ്ദത. എല്ലാവരും ഉറങ്ങി തുടങ്ങി.
  ഒരാൾ മാത്രം ഉറക്കമൊഴിച്ച് കാത്തിരിപ്പുണ്ട്. പൂർണ്ണമായ നിശബ്ദതക്കു വേണ്ടി. ഇന്നത്തെ ജോലി അതീവ ശ്രദ്ധയോടെ ചെയ്യേണ്ടത് ആണ്, അതിനു പരിപൂർണ്ണ നിശബ്ദത അയാള്ക്കു ആവശ്യമുണ്ടു. ശബ്ദം ഉണ്ടാക്കാതെ അയാൾ കുറച്ചു കൂടെ കാത്തിരുന്നു. പതിയെ ചീവിടുകളും ഉറക്കത്തിലായെന്നു തോന്നുന്നു.  ഒരു ശബ്ദവും കേൾക്കാനില്ല. സന്തോഷത്തോടെ അയാൾ എഴുന്നേറ്റു.

തന്റെ പക്കലുള്ള ചെറിയ വെട്ടം അയാൾ തെളിയിച്ചു, ചുറ്റിലും നോക്കി. ഇല്ല അപകടം ഒന്നും ഇല്ല. കാലത്തു നോക്കി വച്ചിരുന്ന വീടിനടുത്തേക്ക് അയാൾ പതിയെ ചെന്നു. പതുങ്ങി ഇരുന്നു കുറച്ചു നേരം അയാൾ  കാതോർത്തു. ശബ്ദമൊന്നും കേൾക്കുന്നില്ല. എല്ലാവരും നല്ല ഉറക്കത്തിലാണ്. ജനവാതിൽ തുറന്നു നേരത്തെ ഇളക്കി മാറ്റിയിരുന്ന ജനൽ കമ്പികളുടെ വിടവിലൂടെ ശ്രദ്ധയോടെ അയാൾ അകത്തു കടന്നു. ഇരുണ്ട വെട്ടത്തിൽ അലമാര ഇരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി പമ്മി പമ്മി അയാൾ നടന്നു. ഇനിയാണ് ശ്രദ്ധ വേണ്ടത്. അലമാര തുറക്കണം. അതിൽ അയാൾ മിടുക്കനാണ്.

പക്ഷെ എന്ത് ചെയ്തിട്ടും അയാൾക്ക്‌ ശ്രദ്ധ ചെലുത്താൻ പറ്റുന്നില്ല. കൈകൾ ഉറക്കുന്നില്ലാ ആകെ ഒരു പതർച്ച. വളരെ അടുത്തു നിന്ന് എന്തോ ശബ്ദം കേൾക്കുന്നത് പോലെ. ചിലപ്പോൾ തോന്നിയതായിരിക്കും. ചെവി പൊത്തി പിടിച്ചു നോക്കി.  കൈകൾ മാറ്റി വീണ്ടും ശ്രദ്ധിച്ചു. തോന്നിയത് അല്ല. ശബ്ദമുണ്ട്. ആരോ കൂർക്കം വലിക്കുന്നതാണ്. ഒരാൾ ജോലി ചെയ്യുന്നത് ഗൗനിക്കാതെ ഇങ്ങനെ കൂർക്കം വലിച്ചു  ഉറങ്ങുന്നവരോട് അയാൾക്ക് നന്നേ വിരോധം ആണ്. കുറച്ചു കാത്തിരുന്നു. ശബ്ദം നിൽക്കുന്നില്ല. കുറയുന്നുമില്ല. ആരുടേയും ക്ഷമ നശിച്ചു പോകും. ഇതാണെങ്കിൽ എവിടെയോ ജനറേറ്റർ പ്രവർത്തിക്കുന്നത് പോലുള്ള ശബ്ദം. കുറ്റം പറയാൻ പറ്റില്ല.

അടുക്കളയിൽ ചെന്ന് ഒരു പാത്രം വെള്ളവുമായി ശബ്ദത്തിന്റെ ദിശയിലേക്ക് അയാൾ വച്ചു പിടിച്ചു.

ദോശ


 

പുറത്തു കഴിക്കുന്നതിന്റെ ചെലവ് കൂടുന്നത് കൊണ്ടും പുറത്തു കിട്ടുന്ന ഭക്ഷണത്തിന്റെ നിലവാരത്തെ കുറിച്ച് ബോധ്യം ഉള്ളത് കൊണ്ടും മടി കുറവുള്ള ദിവസങ്ങളിൽ വീട്ടിൽ വല്ലപ്പോഴും രാത്രി പാചകം ഉണ്ട്. ഇന്നലെ പുറത്തു പോയി കഴിക്കാനുള്ള മടി കൂടുതൽ ആയിരുന്നത് കാരണം ഞങ്ങൾ ദോശ ഉണ്ടാക്കാൻ ഉള്ള പ്ലാനിൽ ആയിരുന്നു. കുറെ ശ്രമങ്ങൾക്ക് ശേഷവും ദോശ ഒന്നും പാകപെട്ടു വരുന്നുണ്ടായിരുന്നില്ല. പല ചെറു രാജ്യങ്ങളുടെ മാതൃകയിൽ ദോശ മാവു പോയി കൊണ്ടിരുന്നു.
അപ്പോഴാണ് ഓർത്തത് ഫുഡ് കണ്ട്രോൾ എന്ന് പറഞ്ഞു ഒന്നും  കഴിക്കാതെ ആണ് ചാത്തൻ ഉറങ്ങാൻ കിടന്നതു. എങ്ങാനും നല്ല ഉറക്കത്തിൽ  ആണെങ്കിൽ വെറുതെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വെച്ച് അവന്റെ മുറിയിൽ ചെന്ന് വളരെ പതിഞ്ഞ ശബ്ദത്തിൽ ആണ് വിളിച്ചത്. ദോശ വേണോ എന്ന് കേട്ടതും ആ വിളി കേൾക്കാൻ കാത്തു നിന്നതു  പോലെ  ചാത്തൻ ചാടി എഴുനേറ്റു വന്നു. ആ ആവേശം കണ്ടു ഒന്ന് പേടിച്ചെങ്കിലും അവന്റെ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ നേരത്തെ ചെന്ന് വിളിക്കേണ്ടത് ആയിരുന്നു എന്ന് തോന്നി പോയി. കേരളത്തിന്റെ രൂപത്തിലുള്ള ഒന്ന് രണ്ടു ദോശ കൊടുത്തപ്പോ അതും കഴിച്ചു സന്തോഷത്തോടെ നാളെയും ഇത് പോലെ വിളിക്കണം എന്നും പറഞ്ഞു കിടക്കാൻ പോയി. എന്താണ് എന്നറിയില്ല പിന്നെ ഉണ്ടാക്കിയ ദോശ ഒക്കെ നല്ല ദോശ പരുവത്തിൽ  തന്നെ കിട്ടി. 

എന്ത് സംരംഭം  തുടങ്ങുവാണെങ്കിലും ഗണപതിക്ക്‌ ദക്ഷിണ കൊടുത്തിട്ടു വേണം തുടങ്ങാൻ എന്ന് പഠിച്ചു, പ്രത്യേകിച്ച് ഭക്ഷണത്തിന്റെ കാര്യത്തിൽ.

ശുഭം

Author

My photo
Nom@d
I always find it hard to explain ‘About Me’. and I guess nothing could define me in a better way… perpetual wanderer, a NOMAD.. Being an escapist, the blogger in me comes alive when there are so many other things to do. So looking forward to be busy at work :P
View my complete profile