ദോശ
പുറത്തു കഴിക്കുന്നതിന്റെ ചെലവ് കൂടുന്നത് കൊണ്ടും പുറത്തു കിട്ടുന്ന ഭക്ഷണത്തിന്റെ നിലവാരത്തെ കുറിച്ച് ബോധ്യം ഉള്ളത് കൊണ്ടും മടി കുറവുള്ള ദിവസങ്ങളിൽ വീട്ടിൽ വല്ലപ്പോഴും രാത്രി പാചകം ഉണ്ട്. ഇന്നലെ പുറത്തു പോയി കഴിക്കാനുള്ള മടി കൂടുതൽ ആയിരുന്നത് കാരണം ഞങ്ങൾ ദോശ ഉണ്ടാക്കാൻ ഉള്ള പ്ലാനിൽ ആയിരുന്നു. കുറെ ശ്രമങ്ങൾക്ക് ശേഷവും ദോശ ഒന്നും പാകപെട്ടു വരുന്നുണ്ടായിരുന്നില്ല. പല ചെറു രാജ്യങ്ങളുടെ മാതൃകയിൽ ദോശ മാവു പോയി കൊണ്ടിരുന്നു.
അപ്പോഴാണ് ഓർത്തത് ഫുഡ് കണ്ട്രോൾ എന്ന് പറഞ്ഞു ഒന്നും കഴിക്കാതെ ആണ് ചാത്തൻ ഉറങ്ങാൻ കിടന്നതു. എങ്ങാനും നല്ല ഉറക്കത്തിൽ ആണെങ്കിൽ വെറുതെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വെച്ച് അവന്റെ മുറിയിൽ ചെന്ന് വളരെ പതിഞ്ഞ ശബ്ദത്തിൽ ആണ് വിളിച്ചത്. ദോശ വേണോ എന്ന് കേട്ടതും ആ വിളി കേൾക്കാൻ കാത്തു നിന്നതു പോലെ ചാത്തൻ ചാടി എഴുനേറ്റു വന്നു. ആ ആവേശം കണ്ടു ഒന്ന് പേടിച്ചെങ്കിലും അവന്റെ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ നേരത്തെ ചെന്ന് വിളിക്കേണ്ടത് ആയിരുന്നു എന്ന് തോന്നി പോയി. കേരളത്തിന്റെ രൂപത്തിലുള്ള ഒന്ന് രണ്ടു ദോശ കൊടുത്തപ്പോ അതും കഴിച്ചു സന്തോഷത്തോടെ നാളെയും ഇത് പോലെ വിളിക്കണം എന്നും പറഞ്ഞു കിടക്കാൻ പോയി. എന്താണ് എന്നറിയില്ല പിന്നെ ഉണ്ടാക്കിയ ദോശ ഒക്കെ നല്ല ദോശ പരുവത്തിൽ തന്നെ കിട്ടി.
എന്ത് സംരംഭം തുടങ്ങുവാണെങ്കിലും ഗണപതിക്ക് ദക്ഷിണ കൊടുത്തിട്ടു വേണം തുടങ്ങാൻ എന്ന് പഠിച്ചു, പ്രത്യേകിച്ച് ഭക്ഷണത്തിന്റെ കാര്യത്തിൽ.
ശുഭം
Comments
Post a Comment